ഹീറോ എക്‌സ്ട്രീം 160R 100 മില്യണ്‍ പതിപ്പ് വില്‍പ്പനയ്‌ക്കെത്തുന്നു

നുവരിയില്‍ അവതരിപ്പിച്ച് ശേഷം, ഏകദേശം 40 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഹീറോ മോട്ടോകോര്‍പ്, എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹന നിര്‍മാണ ബ്രാന്‍ഡില്‍ നിന്നുള്ള ഈ പരിമിത പതിപ്പ് മോഡലിന്റെ മികച്ച അഞ്ച് പ്രധാന ഹൈലൈറ്റുകള്‍ എന്തെല്ലാമെന്ന് പരിചയപ്പെടാം. പുതിയ സ്‌പെഷ്യല്‍ പതിപ്പ് എക്‌സ്ട്രീം 160R സാധാരണ മോഡലിനെക്കാള്‍ ചെലവേറിയതാണ്. പുതിയ മോഡലിനായി 1,08,750 രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.

എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, മോട്ടോര്‍സൈക്കിളിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 1,03,900 രൂപയും ഡിസ്‌ക് വേരിയന്റിന് 1,06,950 രൂപയും എക്സ്ഷോറൂം വിലയായി നല്‍കിയാല്‍ മതിയാകും.സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുമ്പോള്‍, അതില്‍ നിന്ന് വ്യത്യസ്തമായി പുതിയ എക്‌സ്ട്രീം 160R 100മില്യണ്‍ പതിപ്പ് ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ, എക്‌സ്ട്രീം 160R-ന്റെ 100 മില്യണ്‍ പതിപ്പിന് പുതിയ കളര്‍ സ്‌കീമുകളും ഗ്രാഫിക്സും ലഭിക്കുന്നു. ഇത് ബാക്കി ലൈനപ്പില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. ഹെഡ്‌ലൈറ്റ് മാസ്‌ക്, ഫ്യുവല്‍ ടാങ്ക്, മോട്ടോര്‍സൈക്കിളിന്റെ പിന്‍ പാനല്‍ എന്നിവയില്‍ റെഡ് / വൈറ്റ് ഡ്യുവല്‍-ടോണ്‍ പെയിന്റ് ഫിനിഷ് കാണാം.

പെയിന്റ്, ഗ്രാഫിക്സ് അപ്‌ഡേറ്റുകള്‍ കൂടാതെ, ബൈക്കില്‍ മറ്റ് പ്രധാന മാറ്റങ്ങളൊന്നുമില്ല. 15 bhp പവറും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 163 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. ഇതിനുപുറമെ, ഗിയര്‍ബോക്സ് ഓപ്ഷനും ഒരേ അഞ്ച് സ്പീഡ് യൂണിറ്റായി തുടരുന്നു.

എക്‌സ്ട്രീം 160R എന്ന പുതിയ സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറങ്ങിയതോടെ ഈ വര്‍ഷം ജനുവരിയില്‍ നേടിയ 100 മില്യണ്‍ വില്‍പ്പന നാഴികക്കല്ലാണ് ഹീറോ ആഘോഷിക്കുന്നത്. ഹീറോയുടെ ഹരിദ്വാര്‍ ആസ്ഥാനമായുള്ള നിര്‍മാണ പ്ലാന്റില്‍ നിന്നാണ് എക്‌സ്ട്രീം 160R 100 മില്യണ്‍ ബൈക്ക് ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. എക്‌സ്ട്രീമിനു പുറമെ, ഹീറോ അതിന്റെ സ്‌പെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്രോ, മാസ്ട്രോ എഡ്ജ്, ഡെസ്റ്റിന് 125 മോഡലുകളുടെയും സമാനമായ പ്രത്യേക പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

 

Top