തിരുവനന്തപുരം: ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന് പറയുന്നതുപോലെ ഇറോം ശര്‍മ്മിളയെയും സി പി എമ്മുകാര്‍ കമ്യൂണിസ്റ്റാക്കിയോ?
മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും വിപ്ലവകാരികള്‍ക്ക് പോലും ആവേശമായ സമര ചരിത്രം രചിച്ച ഇറോം ശര്‍മിള സി പി എം പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ആവേശം തന്നെയാണ്.
പാലക്കാട്ട് അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ ഇറോമിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും കേന്ദ്ര കമ്മറ്റി അംഗം നിതിന്‍ കണിച്ചേരിയുടെയും നേതൃത്വത്തിലുള്ള സംഘം അവിടെചെന്ന് സന്ദര്‍ശിച്ചിരുന്നു.
ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കപടദേശീയതക്കെതിരെ പാലക്കാട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് അവര്‍ നേതാക്കള്‍ക്ക് ഉറപ്പും കൊടുത്തിരുന്നു.
ഇതിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.
അതിനായി ഇപ്പോള്‍ തലസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയ ഇറോം ശര്‍മിളയുടെ നടപടിയെ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ കാണാന്‍ എകെജി സെന്ററില്‍ തന്നെ എത്തി മണിപ്പൂരിന്റെ ഈ സമരനായിക.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടു വിട പറഞ്ഞ ഇറോമിനെ ദേശീയ തലത്തില്‍ ഉപയോഗപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കമെന്നാണ് സൂചന.
മണിപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് അവിടുത്തെ ചില ‘പ്രത്യേക ‘ രാഷ്ട്രീയ സാഹചര്യമാണ് കാരണമായതെന്നാണ് സി പി എം വിലയിരുത്തുന്നത്. പരാജയത്തില്‍ നിന്നാണ് മികച്ച വിജയങ്ങള്‍ പിറവിയെടുക്കുന്നത് എന്നതിനാല്‍ ശക്തമായ തിരിച്ചുവരവിന് അവരുടെ മുന്നില്‍ സാധ്യതകള്‍ വളരെ കൂടുതലാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ ലോക സമര ചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച മണിപ്പൂരിന്റെ ഈ സമര നായിക സഹകരിക്കുന്നടത്തോളം അവരെ പിന്തുണയ്ക്കുമെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ സമര ഐക്യം രൂപപ്പെടുത്തുമെന്നുമാണ് സി പി എം നേതാക്കള്‍ പറയുന്നത്.
തലസ്ഥാനതെത്തിയ ഇറോം ശര്‍മിളയെ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ആനയിക്കാന്‍ ആവേശപൂര്‍വ്വം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നതും ശ്രദ്ധേയമായിരുന്നു.
വാറണ്ടില്ലാതെ ആരുടെ വീടും റെയ്ഡ് ചെയ്യാനും സംശയം തോന്നിയാല്‍ വെടിവെച്ചു കൊല്ലാനും അധികാരം നല്‍കുന്ന പ്രത്യേക സൈനികാധികാര നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ടാണ് നീണ്ട 16 വര്‍ഷം ഇറോം ശര്‍മിള നിരാഹാരം അനുഷ്ടിച്ചിരുന്നത്.
സൈന്യത്തിന്റെ കൂട്ട ബലാത്സംഗത്തിനെതിരെ മുപ്പതോളം അമ്മമാര്‍ നഗ്‌നരായി പ്രതിഷേധിച്ചപ്പോഴും റൈസ് ബീര്‍ മോന്തിയിരുന്ന മണിപ്പൂര്‍കാര്‍ ഇറോം ശര്‍മിളക്ക് വോട്ട് ചെയ്യാതിരുന്നതില്‍ പക്ഷേ മണിപ്പൂരിനെ അറിയാവുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും അത്ഭുതപ്പെടുന്നില്ല.
അഫ്‌സ്പയ്‌ക്കെതിരേയുള്ള സമരവും മാസ് മൂവ്‌മെന്റ് അല്ലായിരുന്നു. ഇന്നും ഇരകളുടെ കുടുംബവും സുഹൃത്തുക്കളും ഏതാനും മനുഷ്യവകാശപ്രവര്‍ത്തകരും മാത്രമാണ് ഇതിനെതിരേ രംഗത്തുള്ളത്. അന്യന്റെ വീട്ടില്‍ നടന്ന മനുഷ്യവകാശലംഘത്തിന് എനിക്ക് എന്തിന് വിഷമം എന്നു ഒരു ജനത കരുതുന്നത് മണിപ്പൂരിന്റെ മാത്രം സവിശേഷതയല്ലല്ലോ?
നിരാഹാരം കിടക്കുന്നതിന് മുന്‍പും അഫ്‌സ്പയെക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു ഇറോം. ഇംഫാല്‍ താഴ്‌വരകളിലൂടെ സൈക്കിള്‍ ഓടിച്ചുനടന്ന വെറും പെണ്‍കുട്ടിയല്ലായിരുന്നു അവര്‍ എന്നത് അംഗീകരിക്കേണ്ടകാര്യം തന്നെയാണ്. പത്രക്കുറിപ്പുകള്‍ പത്രം ഓഫിസുകളില്‍ എത്തിച്ചുനല്‍കുകയും പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പെണ്‍കുട്ടി. ഇപ്പറഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ വലിയ കാര്യമല്ലായിരിക്കാം. പക്ഷേ സൈന്യം അവരുടെ നിയമം നടപ്പിലാക്കിയ അക്കാലത്ത് സൈന്യത്തിന്റെ സര്‍വയലന്‍സില്‍ വരാന്‍ ധൈര്യം കാണിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു അവര്‍.
അഫ്‌സ്പയെക്കേതിരേ രംഗത്തിറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ വീട്ടില്‍ പട്ടാളബൂട്ടിന്റെ ശബ്ദം കേള്‍ക്കാം എന്നത് പട്ടാളക്രൂരതകളുടെ അനുഭവം ഇല്ലാത്ത മലയാളികള്‍ക്ക് മനസിലാകണമെന്നില്ല.
ജനസമ്മതി കൊണ്ടല്ല ഇറോം ഷര്‍മിള സമരം നയിച്ചത്. അതുകൊണ്ടുതന്നെ ജനസമ്മതി കൊണ്ട് അവരെ അളക്കേണ്ടതുമില്ലന്നാണ് മണിപ്പൂരിലെ പൊതുപ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്. ഇറോം ദില്ലിയില്‍ സമരം ചെയ്യാന്‍ പോയിരുന്നു എന്നതൊഴിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്രയായിരുന്നു ഈ കേരളയാത്ര.
ഒരു ലക്ഷ്യത്തിന് വേണ്ടി 16 വര്‍ഷം പോരാടുകയും പിന്നീടത് അവസാനിപ്പിക്കേണ്ടതായും വന്ന സാഹചര്യത്തില്‍ നിന്ന് പുതിയൊരു ചുവപ്പന്‍ പൊരാട്ടത്തിനാണ് കേരളത്തില്‍ നിന്നും അവര്‍ തുടക്കം കുറിക്കാന്‍ പോകുന്നത്. ഈ പോരാട്ടത്തിന്‍ അവര്‍ക്കൊപ്പം സിപിഎം നിലകൊള്ളുന്നുവെന്നതാണ് പ്രത്യേകത.