വിക്കറ്റ് വേട്ടയില്‍ ഹര്‍ഷലിന് ചരിത്രനേട്ടം; ബ്രാവോയുടെ റെക്കോഡിനൊപ്പം

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ് പുറത്തായെങ്കിലും പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ബാഗ്ലൂരിന്റെ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോഡിനൊപ്പമാണ് ഹര്‍ഷല്‍ തന്റെ പേര് കൂടി ചേര്‍ത്തത്. സീസണില്‍ 32 വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്.

വെറും 15 മത്സരങ്ങളില്‍ നിന്നാണ് 30കാരനായ താരം 32 വിക്കറ്റുകള്‍ നേടിയത്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 18 മത്സരങ്ങളില്‍ നിന്നാണ് ബ്രാവോ 32 വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണിന്റെ ആദ്യ പാദത്തില്‍ രവീന്ദ്ര ജഡേജ ഹര്‍ഷലിന്റെ ഒരോവറില്‍ 37 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അതില്‍ തളരാതെ അതിശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

വിക്കറ്റ് നേട്ടത്തോടെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളറെന്ന റെക്കോഡും ഹര്‍ഷല്‍ സ്വന്തമാക്കി. 2020ല്‍ 27 വിക്കറ്റുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് മറികടന്നത്.

കൂടാതെ ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോഡും ഹര്‍ഷല്‍ സ്വന്തമാക്കി. നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിന്റെ തലയിലാണ്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആവേശ് ഖാന്‍ 23 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

 

 

Top