റായ്പ്പൂര്‍:മാവോയിസ്റ്റുകളില്‍ നിന്നും തോക്കുകളില്‍ ഉപയോഗിക്കുന്ന ആധുനിക ടെലിസ്‌കോപ്പിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നിരവധി മാവോയിസ്റ്റുകളെ പിടികൂടിയത്. ഇവരില്‍ നിന്നും വിദേശ നിര്‍മ്മിത ഉപകരണങ്ങളാണ് സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. രാജ്യത്തെ ആധുനിക ആയുധ ശേഖരത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്ന് പൊലീസ് മേധാവികള്‍ അറിയിച്ചു.
തോക്കിന്റെ മുകളില്‍ വച്ച് കൃത്യമായി ഉന്നം പിടിക്കാന്‍ സാധിക്കുന്ന ടെലിസ്‌കോപിക് ഉപകരണങ്ങളാണ് ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത്. ഇത്തരത്തിലുള്ള 7 ഉപകരണങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇവ സ്‌പെയിനില്‍ നിര്‍മ്മിച്ചവയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌പെയിനിലെ ബുഷ്‌നെല്‍ എന്ന കമ്പനിയുടെ പേര് ഇവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് പരിശീല ക്യാമ്പ് ആക്രമിച്ചതിനെത്തുടര്‍ന്നാണ് പൊലീസിന് ഇവ കണ്ടെത്താനായത്.
പലരും ഉള്‍ക്കാടുകളിലേയ്ക്ക് രക്ഷപ്പെട്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് കൈത്തോക്കുകളും ആറ് ബോംബുകളും 7 കുക്കറുകളും, വെടിമരുന്നും, ഇലക്ട്രിക് വയറുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രാത്രിയില്‍ പോലും കൃത്യമായി നിറയൊഴിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ടെലിസ്‌കോപിക് ഉപകരണമാണ് മാവോയിസ്റ്റുകളുടെ കയ്യിലുള്ളത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ പക്കല്‍ നിന്നും ഇത്രയും ആധുനികമായ സാധനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ഇക്കാര്യം വളരെ പ്രധ്യാന്യത്തോടെയാണ് സുരക്ഷാ വിഭാഗം കാണുന്നത്. മെയില്‍ ജര്‍മ്മന്‍ നിര്‍മ്മിത തോക്കുകള്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കണ്ടെത്തിയിരുന്നു.