ന്യൂഡല്‍ഹി: എറണാകുളം എം.പി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സരിത നായരും എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാല്‍ വരണാധികാരി പത്രിക തള്ളി. ഇതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തും സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജിയും തള്ളിയിരുന്നു.