ന്യൂഡല്‍ഹി : ബി.ജെ.പിയുടെ ഫാഷിസ്റ്റ് നീക്കത്തിനെതിരെ മുന്നോട്ട് പോകുമെന്ന് ഹൈബി ഈഡന്‍ എംപി. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ അസഹിഷ്ണുതയോടെയാണ് സ്പീക്കര്‍ നേരിട്ടതെന്നും ഹൈബി പറഞ്ഞു.
എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തിന് തെളിവാണ് സ്പീക്കറുടെ അസഹിഷ്ണുതയോടെയുള്ള നടപടി. പാര്‍ലമെന്റില്‍ ഓടു പൊളിച്ചോ ഊട് വഴികളിലൂടെയോ എത്തിയവരല്ല കോണ്‍ഗ്രസ് എം.പിമാരെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം സംഭവത്തെ കയ്യേറ്റ ശ്രമമായി ചിത്രീകരിച്ച കോണ്‍ഗ്രസ് നീക്കം ആടിനെ പട്ടിയാക്കലാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ തുറന്നടിച്ചു. പാര്‍ലമെന്റ് കീഴ്‌വഴക്കങ്ങളും സ്പീക്കറുടെ ഉത്തരവുകളും ലംഘിച്ച എം.പിമാര്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേരളാ നിയമസഭയല്ല, ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന് കോണ്‍ഗ്രസ്സ് ഓര്‍മ്മിക്കണമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
പ്ലക്കാര്‍ഡുകളും ബാനറുകളുമായി നേതാക്കള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് ചട്ടം ലഘിച്ചാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വനിതാ അംഗത്തെ കയ്യേറ്റം ചെയ്‍തുവെന്നത് വ്യാജ പ്രചാരണമാണ്. എംപിമാര്‍ മാര്‍ഷല്‍മാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സംഭവ വികാസങ്ങളില്‍ രാവിലെ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
കേരളത്തില്‍ നിന്നുള്ള എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനറുകള്‍ ലോക്സഭയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ സഭാ നടപടികളില്‍ നിന്നും സ്പീക്കര്‍ മാറ്റിനിര്‍ത്തി. രാവിലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്രാ വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളിലും സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങുകയായിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലോക് സഭയില്‍ ആരോപിച്ചു. തുടര്‍ന്ന് ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഭരണഘടന ദിനാചരണ പരിപാടി ബഹിഷ്‌കരിക്കാനും അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.