കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക വരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം വേറെ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എല്ലാത്തിനും ക്യത്യമായ കണക്കുണ്ടെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും റിലീഫ് മെറ്റീരിയലുകളും ശേഖരിക്കുന്നുണ്ട്. ഇതൊക്കെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്ന തുക തെറ്റായി കാണിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും പ്രളയക്കെടുതിയുടേയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടേയും ഇടയില്‍ പൂഴ്ത്തിവപ്പിനും നികുതിവെട്ടിപ്പും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുടുണ്ട്.
നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികള്‍ ജില്ലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.