നോക്കുകൂലി വിഷയം; വിമര്‍ശനവുമായി ഹൈക്കോടതി

kerala hc

കൊച്ചി: ഐഎസ്ആര്‍ഒ കാര്‍ഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി കേരള ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളില്‍ പറഞ്ഞാല്‍ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരികയുള്ളൂ. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമര്‍ശനം. നോക്കുകൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്നിട്ടും നിരോധനം പൂര്‍ണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു.

ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ സംഘട്ടനത്തിലേക്ക് പോകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനെന്ന് കോടതി ചോദിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നു എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കവേ പറഞ്ഞു.

2017ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്, നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡിജിപി ഉറപ്പ് വരുത്തണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് 27ലേക്ക് മാറ്റി.

 

Top