പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് തരംതിരിക്കാന്‍ വിദഗ്ധ ഉപദേശം തേടണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. ദുരിതാശ്വാസമായി നല്‍കുന്ന തുകയ്ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തരംതിരിക്കണം. നഷ്ടത്തിന് അനുസരിച്ച് മാത്രമെ നഷ്ടപരിഹാരം നല്‍കാവൂ. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപയെന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണം.

റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ തീരുമാനിച്ചാല്‍ കാലതാമസത്തിനും അഴിമതിക്കും സാധ്യതയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ശരിയായ നഷ്ടം കണക്കാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വന്നാല്‍ അത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡം എന്തെന്ന് ഈ മാസം 19 ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top