കടകള്‍ തുറക്കല്‍; വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. തീരുമാനം നയപരമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തുണിക്കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തുണിക്കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ആള്‍ക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകള്‍ തുറക്കാതെ ഇരിക്കുന്നതെങ്കില്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്.

വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാരാണെങ്കിലും വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്ന കോടതി സര്‍ക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം ഹര്‍ജി തീര്‍പ്പാക്കും.

 

Top