കൊച്ചി: അട്ടപ്പാടിയില്‍ ഉണ്ടായ മാവോയിസ്റ്റ് വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ എകെ 47 ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല വെടിവയ്പ്പ് നടന്നത് ക്ലോസ് റേഞ്ചില്‍ അല്ല എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ കാണുന്ന ഒടിവുകള്‍ വെടിയേറ്റ് വീണപ്പോള്‍ ഉണ്ടായതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ടു. വെടിവയ്പ്പില്‍ മരിച്ചവരെ പ്രതിയാക്കി കേസ് അന്വേഷിക്കരുതെന്ന ബന്ധുക്കളുടെ ഹര്‍ജിയിലാണ് തീരുമാനം. ഹര്‍ജിയില്‍ കോടതി വിധി പറയും വരെ മൃതദേഹം ഇപ്പോഴുള്ള തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.