വാഷിംഗ്ടണ്‍ ഡിസി: കോവിഡിന്റെ മാരകസ്വഭാവം കുറച്ചുകണ്ടുവെന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റി ഡോണാള്‍ഡ് ട്രംപ്. പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് ട്രംപിനെ കുരുക്കിയുള്ള വെളിപ്പെടുത്തല്‍. കോവിഡ് വായുവില്‍ കൂടി പകരുമെന്നുമുള്ള അറിവ് ട്രംപ് മറച്ചുവെച്ചുവെന്നും വുഡ്വേഡ് തന്റെ പുസ്തകത്തില്‍ പറയുന്നു.
നേരത്തേ, കോവിഡ് രോഗം ജലദോഷം പോലെ, പേടിക്കേണ്ടതില്ല എന്നായിരുന്നു ട്രംപിന്റെ പരസ്യ നിലപാട്. കോവിഡ് മഹാമാരിയുടെ യാഥാര്‍ഥ വസ്തുത മറച്ചുവെയ്‌ക്കേണ്ടി വന്നുവെന്നും വുഡ്വേഡിനോട് ട്രംപ് പറഞ്ഞതായാണ് വിവരം. കോവിഡിനെയും സാമ്പത്തിക പ്രതിസന്ധിയെയും അമേരിക്ക മറികടക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേ സമയം സംഭവം വിവാദമായതോടെ ബുധനാഴ്ച സംഭവത്തില്‍ വിശദീകരണവുമായി ട്രംപ് വൈറ്റ് ഹൗസില്‍ രംഗത്ത് എത്തി. ‘ഈ രാജ്യത്തിന്റെ ചീയര്‍ ലീഡറാണ് ഞാന്‍. ലോകത്തിനെയോ, രാജ്യത്തെയോ പരിഭ്രമത്തിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശങ്ക കുറയ്ക്കാന്‍ വേണ്ടി, അത് നന്നായി നടക്കുന്നുമുണ്ട്. ജനങ്ങള്‍ ഭയചകിതരാകരുത്. നമുക്ക് രാജ്യത്തിന്റെ ആത്മവിശ്വാസവും ശേഷിയും കാണിക്കേണ്ടതുണ്ട്. ഒരിക്കലും ഭയം ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്’ ട്രംപ് പറയുന്നു.