തിരുവനന്തപുരം: അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ലൈഫ് പദ്ധതിവഴി വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി വഴി വീടില്ലാത്തവര്‍ക്ക് വീട് മാത്രമല്ല, ജീവിതമാര്‍ഗം കണ്ടെത്താനുള്ള സഹായവും നല്‍കാനാണ് ശ്രമിക്കുന്നത്. ഭവനസമുച്ചയങ്ങള്‍ക്കൊപ്പം കുട്ടികളുടെ പഠനത്തിനാവശ്യമായ പിന്തുണാ സൗകര്യം ഒരുക്കും. പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിമഠം ലൈഫ് പദ്ധതിയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ ദാനവുംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കാര്യം മാത്രമായി കാണാതെ നാടിന്റെ കൂടി പങ്കാളിത്തത്തോടെ വീടുകള്‍ പൂര്‍ത്തീകരിക്കുന്ന നിലവരണം. അതിനുള്ള ഇടപെടല്‍ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വേണം. വീടുനിര്‍മിക്കുമ്പോള്‍ അതിനെ സഹായിക്കാനുള്ള കൂട്ടായ്മയും അതിനൊപ്പം രൂപം കൊള്ളണം.
വീട് പൂര്‍ണതയിലെത്തിയാല്‍ അതിന്റെ ഭാഗമായ കൂട്ടായ്മ ആ ഭവനസമുച്ചയത്തില്‍ ഉറപ്പാക്കുകയും ചെയ്യാം. അങ്ങനെയുണ്ടാല്‍ അവിടെ പരിഹരിക്കപ്പെടേണ്ട പ്രശ്നമുണ്ടെങ്കില്‍ ഈ കൂട്ടായ്മയ്ക്ക് അധികൃതശ്രദ്ധയില്‍പ്പെടുത്താനാകും. ഇപ്പോള്‍ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത് പുതുതായുള്ള കേരളത്തിലെ ആദ്യ ലൈഫ് ഭവനസമുച്ചയമാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.