ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; സംഘത്തില്‍ മലയാളിയും; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

terrorism

കോയമ്പത്തൂര്‍: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിരിക്കുന്നത്.

നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത്.

സംഘത്തില്‍ ഇല്യാസ് അന്‍വര്‍ എന്ന പാക്ക് ഭീകരനുമുണ്ട് നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക്ക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top