തമിഴ്‌നാട്ടില്‍ എല്‍ടിടിഇ തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്; ജാഗ്രത

ചെന്നൈ: എല്‍.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും തമിഴ്നാട് പോലീസിന്റെ ‘ക്യൂ’ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കന്‍ സ്വദേശിയുള്‍പ്പെടെ അഞ്ചുപേര്‍ ചെന്നൈയില്‍ വ്യാജപാസ്‌പോര്‍ട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തതോടെയാണ് എല്‍.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്.

മേരി ഫ്രാന്‍സിസ്‌കയെന്ന ശ്രീലങ്കന്‍ വനിതയെ ചെന്നൈ വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വ്യാജപാസ്പോര്‍ട്ടുമായി അറസ്റ്റു ചെയ്തത്. ഇവരുടെ കൂട്ടാളികളായ കെന്നിസ്റ്റണ്‍ ഫെര്‍ണാണ്ടോ, കെ. ഭാസ്‌കരന്‍, ജോണ്‍സണ്‍ സാമുവല്‍, എല്‍. സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലായി. കഴിഞ്ഞയാഴ്ചയാണ് ഈ കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എല്‍.ടി.ടി.ഇ.യുടെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സദ്ഗുണന്‍ എന്ന സബേശനെ ലക്ഷദ്വീപില്‍വെച്ച് എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. പഴയ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് എല്‍.ടി.ടി.യെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് സബേശനെന്ന് എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

സംഘടനയുടെ അനുഭാവികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ പറയുന്നത്. തമിഴ് പുലികള്‍ക്കുവേണ്ടി വിദേശ രാജ്യങ്ങളില്‍നിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളില്‍ ഇപ്പോഴുമുണ്ട്. ഈ പണം പിന്‍വലിച്ച് എല്‍.ടി.ടി.ഇ.യുടെ പുനരേകീകരണത്തിന് ധനസമാഹരണം നടത്താന്‍ ശ്രമിച്ചവരാണ് വ്യാജ പാസ്‌പോര്‍ട്ടുമായി അറസ്റ്റിലായതെന്ന് എന്‍.ഐ.എ. പറയുന്നു.

തമിഴ്നാട്ടിലെ ചില സന്നദ്ധസംഘടനകളിലും എല്‍.ടി.ടി.ഇ. അനുഭാവികളുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കുന്നു.

 

Top