ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസും രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി ലഷ്‌കര്‍ ഇ ത്വയ്ബയുടെ മൂന്നു വാഹനങ്ങള്‍ ജമ്മു കാഷ്മീരിലെ ബാനിഹാലില്‍ എത്തിയെന്നും ഇവര്‍ ഇപ്പോള്‍ പഞ്ചാബും ഡല്‍ഹിയും ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇവരില്‍ ഒരു ഭീകരന്‍ ചാവേറാണെന്നുമാണ് റിപ്പോര്‍ട്ട്.
പഞ്ചാബില്‍നിന്ന് കാണാതായ മൂന്നു വാഹനങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല. ഈ വാഹനങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തതാവാം എന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. രണ്ടാഴ്ച മുമ്പാണ് കശ്മീരില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച് ഭീകരര്‍ എട്ടു സൈനികരെ വധിച്ചത്. അടുത്തിടെയായി കശ്മീര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ട്. കശ്മീരില്‍ സൈനികര്‍ക്കും സൈനിക വാഹനങ്ങള്‍ക്കുമെതിരെയും നടക്കുന്ന ആക്രമണങ്ങളും കൂടിയിട്ടുണ്ട്.
പഞ്ചാബ് അതിര്‍ത്തിവഴി കടന്ന ഭീകരരാണ് പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്കു ജനുവരി ഒന്നിന് രാത്രി ആക്രമണം നടത്തിയത്.