തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ജനങ്ങളുടെ പ്രതീക്ഷ സാക്ഷാത്ക്കരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ജയിച്ച് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉണ്ടാകുമെന്നും നിലവില്‍ ലക്ഷ്യം തെരഞ്ഞെടുപ്പ് ജയമാണെന്നും എ കെ ആന്റണി വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയാണ് കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, താരീഖ് അന്‍വര്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരാണ് സമിതിയില്‍ ഉള്ളത്.
കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക. തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും മത്സരിക്കാമെന്നുമാണ് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.