വി.എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധീരനുമായി ആശയം വിനിമയം നടത്തും. താരീഖ് അന്‍വര്‍ തലസ്ഥാനത്ത് എത്തിയതോടെ പുനസംഘടന ചര്‍ച്ചകളും സജീവമായി.

നിലവില്‍ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പിന്നില്‍ സുധാകരന്റെ നിലപാടുകളാണെന്ന് വിമര്‍ശനം നിലനില്‍ക്കെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി മാറിനില്‍ക്കുന്നത്. വി എം സുധീരനെ നേരില്‍ കണ്ട് അനുനയിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം.

മുന്‍ കെപിസിസി അദ്ധ്യഷന്‍ കൂടിയായ സുധീരന്റെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നുള്ള രാജിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാന്റ് എത്രയും പെട്ടെന്ന് അനുനയിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ സുധീരനെ നേരില്‍ കാണുന്നത്. രാജി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്ന വിമര്‍ശനം കെപിസിസിക്കുണ്ട്.

Top