കേരളത്തില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷ ഹൈക്കമാന്റിനും ഇല്ല, സുധീരന്‍ വരും ?

കേരളത്തില്‍ യു.ഡി.എഫിന് ഭരണം ലഭിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് തന്നെ ആശങ്ക. കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാറും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ ഇടതുപക്ഷത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യുക എന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മത ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന റിപ്പോര്‍ട്ടുകളാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം ഒരിക്കലും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിലയിരുത്തുന്നത്.

താന്‍ വയനാട്ടില്‍ മത്സരിച്ചത് കൊണ്ടു മാത്രമാണ് 20-ല്‍ 19 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്ന ബോധം രാഹുല്‍ ഗാന്ധിക്കുമുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭ തിരഞ്ഞെടുപ്പില്‍ എന്നതിനാല്‍ വലിയ വെല്ലുവിളിയാണ് യു.ഡി.എഫ് നിലവില്‍ നേരിടുന്നത്. ഇതില്‍ പ്രധാനം ബി.ജെ.പിയുടെ സാന്നിധ്യമാണ്. ബി.ജെ.പി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചാല്‍ അത് യു.ഡി.എഫിന്റെ സാധ്യതകളെയാണ് ഏറെ ബാധിക്കുക. പ്രതിപക്ഷം എന്ന നിലയില്‍ ആരാണ് ‘കേമന്‍’ എന്ന മത്സരം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പി ടാര്‍ഗറ്റ് ചെയ്യുന്ന മണ്ഡലങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ഒരു ‘കൈ’ സഹായം രഹസ്യമായി കിട്ടുമെന്ന പ്രതീക്ഷ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. സി.പി.എമ്മിന്റെ പരാജയം ഉറപ്പുവരുത്തണമെന്ന ആര്‍.എസ്.എസ് നിലപാടാണ് ഇക്കാര്യത്തില്‍ ഖദറിന്റെ ഏക പ്രതീക്ഷ.

എന്നാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നതോടെ രഹസ്യ ധാരണകള്‍ പോലും പൊളിയാനാണ് സാധ്യത. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും അതും യു.ഡി.എഫ് വോട്ട് ബാങ്കിനെയാണ് ബാധിക്കുക. നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ പാര്‍ട്ടി ധാരണയെ ചൊല്ലി യു.ഡി.എഫില്‍ കടുത്ത ഭിന്നതയാണുള്ളത്. മുസ്ലീം ലീഗ് അനുകൂല സമസ്ത രൂക്ഷമായാണ് ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാന്തപുരം വിഭാഗം സുന്നികളും പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധങ്ങള്‍ എങ്ങനെയാണ് യു.ഡി.എഫിനെ ബാധിക്കുക എന്നത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ ഏറെക്കുറേ വ്യക്തമാകും. ഇതിനനുസരിച്ചാകും യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പിലെ ‘അജണ്ട കള്‍’ സെറ്റ് ചെയ്യുക.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം ശരിയായില്ലെന്ന റിപ്പോര്‍ട്ടാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്‍കിയിരിക്കുന്നത്. മുസ്ലീം ലീഗിന്റെ തീരുമാനത്തിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കേണ്ട സാഹചര്യം കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വലിയ പൊട്ടിത്തെറിയാണ് അത് യു.ഡി.എഫില്‍ ഉണ്ടാക്കാന്‍ പോകുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്‍ നിര്‍ത്തി പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ ഇപ്പോള്‍ സ്വയം പ്രതിരോധത്തിലായ സാഹചര്യവും നിലവിലുണ്ട്. രണ്ട് മുസ്ലീം ലീഗ് എം.എല്‍.എമാരാണ് അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ബാര്‍ കോഴക്കേസില്‍ ഗുരുതര ആരോപണമാണ് ബിജു രമേശ് ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ചെന്നിത്തലയെ മുന്‍ നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. സോളാര്‍ കേസിന് ചൂട് പിടിച്ചതോടെ മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ അടക്കമുള്ളവരും അറസ്റ്റിന്റെ നിഴലിലാണ്. സോളാറില്‍ നിയമത്തിന്റെ കരം നീണ്ടാല്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കളും കുരുക്കിലാകും. ഇതെല്ലാം മുന്‍ നിര്‍ത്തി തന്ത്രപരമായ സമീപനം സ്വീകരിക്കണമെന്ന ഉപദേശമാണ് ടീം രാഹുല്‍, രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ബീഹാറിലെ അബദ്ധം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം രാഹുല്‍ നേരിട്ട് ഇടപെടുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിച്ഛായയുള്ള നേതാവിനെ ഉയര്‍ത്തി കാട്ടണമെന്ന അഭിപ്രായവും രാഹുല്‍ ഗാന്ധിക്കുണ്ട്.

ഏതെങ്കിലും ഒരു നേതാവിനെ മാത്രം ഉയര്‍ത്തി കാട്ടിയാല്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹവും ഗ്രൂപ്പ് പോരും ശക്തമാകുമെന്നതിനാല്‍ പ്രതിച്ഛായയുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശമാകും ഹൈക്കമാന്റ് ഇനി നല്‍കുക. ഇതോടെ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിക്ക് ബദലായി വി.എം സുധീരനെ ഉയര്‍ത്തി കാട്ടണമെന്ന അഭിപ്രായം യു.ഡി.എഫ് അനുഭാവികള്‍ക്കിടയിലും ശക്തമാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ നിര്‍ദ്ദേശം കേട്ട ഭാവം പോലും നടിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എ, ഐ ഗ്രൂപ്പുകളെ സംബന്ധിച്ച് പിണറായിയേക്കാള്‍ ഏറ്റവും വലിയ ശത്രു വി.എം സുധീരനാണ്. തിരഞ്ഞെടുപ്പില്‍ തോറ്റാലും സുധീരനെ അംഗീകരിക്കേണ്ടതില്ലെന്ന ബോധമാണ് ഇത്തരക്കാരെ നയിക്കുന്നത്.

അതേസമയം, പ്രതിസന്ധികളെ നേരിട്ട് പ്രതിപക്ഷത്തിന് പ്രതിസന്ധി തീര്‍ത്താണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ എം.എല്‍.എമാരുടെ അറസ്റ്റും ചെന്നിത്തലക്ക് എതിരായ നീക്കവും സോളാറിന് തീ പിടിച്ചതുമെല്ലാം യു.ഡി.എഫിനെ വെട്ടിലാക്കിയ സന്തോഷത്തിലാണ് ഇടതുപക്ഷം. കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ബി.ജെ.പി വിരുദ്ധ വികാരം സൃഷ്ടിക്കാനും ഇടതുപക്ഷം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് വിധിയോടെ എല്ലാ ആരോപണങ്ങളുടെയും മുന ഒടിയുമെന്ന പ്രതീക്ഷയിലാണവര്‍.

Top