ന്യൂഡല്‍ഹി: വയനാട്ടില്‍ ഹൈക്കമാന്റ് നോമിനിയായി പറന്നിറങ്ങാന്‍ കരുക്കള്‍ നീക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി പ്രഖ്യാപിച്ചതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രചരണം ഉയര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും സിദ്ദിഖിനോട് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഹുല്‍ഗാന്ധിക്കു വേണ്ടി സന്തോഷത്തോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിയുകയാണെന്ന് സിദ്ദിഖും വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ഗാന്ധി മാത്രം വയനാടിന്റെ കാര്യത്തില്‍ മനസ് തുറന്നില്ല.
വയനാട്ടില്‍ സി.പി.ഐക്കെതിരെ രാഹുല്‍ഗാന്ധി മത്സരിക്കുന്നതില്‍ ഇടതുകക്ഷികളും എന്‍.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവും രാഹുലില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി ലഭിക്കാന്‍ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ കര്‍ണാടകയും തമിഴ്‌നാടും സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തു. 39 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന തമിഴ്നാട്ടിലോ 28 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന കര്‍ണാടകയിലോ രാഹുല്‍ മത്സരിച്ചാലേ കോണ്‍ഗ്രസിന് ഗുണം ലഭിക്കു എന്ന നിലപാട് യു.പി.എ കക്ഷികളിലും ശക്തമാണ്.
രാഹുല്‍ഗാന്ധിയുടെ മനസറിയാതെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാണെന്നു പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കും സ്വാഗതം ചെയ്ത രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്റില്‍ രോഷം ശക്തമാണ്. ഇതറിഞ്ഞ ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞിരുന്നു.
കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് വയനാട്ടില്‍ സിദ്ദിഖിനെയും വടകരയില്‍ കെ. മുരളീധരനെയും കെ.പി.സി.സി പ്രഖ്യാപിച്ചത്. ഇതോടെ എ.ഐ.സി.സിയുടെ പതിനാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ 293 സ്ഥാനാര്‍ത്ഥികളൊണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.
രാഹുല്‍ ഇല്ലെങ്കില്‍ സിദ്ദിഖ് തന്നെ സ്ഥാനാര്‍ത്ഥിയെന്ന കടുംപിടുത്തത്തിലാണ് ഉമ്മന്‍ചാണ്ടി. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍മജീദിനെയാണ് രമേശ് ചെന്നിത്തല നിര്‍ദ്ദേശിക്കുന്നത്. തര്‍ക്കം മുറുകുമ്പോള്‍ മധ്യസ്ഥ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഹൈക്കമാന്റ് നോമിനിയായി കെ.സി വേണുഗോപാലിനെ ഇറക്കാനുള്ള നീക്കമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.
സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ എ.എ ആരിഫിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് കെ.സി വേണുഗോപാല്‍ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും ഇതില്‍ പാര വെയ്ക്കുകയായിരുന്നു. ഇതോടെ രോഷാകുലനായ കെ.സി മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചു.
കേരളത്തിലെ 19 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നിലായപ്പോഴും വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാരെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. രാഹുല്‍ഗാന്ധിയെത്തുമെന്നു കരുതി ആവേശത്തിലായ പ്രവര്‍ത്തകര്‍ രോഷാകുലരുമാണ്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ വേണമെന്ന് മുസ്ലിം ലീഗും നിലപാട് കടുപ്പിച്ചിട്ടുണ്ട്. വയനാട്ടില്‍ തട്ടി യു.ഡി.എഫിന്റെ മുഴുവന്‍ പ്രചരണവും അവതാളത്തിലാകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കെ.സി വയനാട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.