കര്‍ദ്ദിനാള്‍ രാജാവല്ല, രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനെന്ന് ; ആഞ്ഞടിച്ച് ഹൈക്കോടതി

mar george alancherry

കൊച്ചി : എറണാകുളം-അങ്കമാലി ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കര്‍ദ്ദിനാള്‍ രാജാവല്ല, കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്വത്തുക്കള്‍ രൂപതയുടേതാണ്. ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.

സ്വത്തുക്കൾ രൂപതയുടേതാണ്. സ്വത്ത് നോക്കി നടത്തേണ്ട ചുമതല മാത്രമാണ് കർദിനാളിനും ബിഷപ്പിനും വൈദികർക്കുമുള്ളത്. രൂപതയ്ക്ക് വേണ്ടി കാര്യങ്ങൾ നടത്താനുള്ള പ്രതിനിധി മാത്രമാണ് ബിഷപ്പെന്നും കോടതി പറഞ്ഞു.

അതേസമയം എറണാകുളം അങ്കമാലി ഭൂമി ഇടപാടില്‍ പോലീസ് അന്വേഷണം അനുവദിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേ ആരോപണങ്ങളില്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടക്കുന്നുണ്ട്. മജിസ്‌ട്രേറ്റ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സമാന്തര അന്വേഷണം ആവശ്യമില്ല. മജിസ്‌ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണമെന്നും പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

അതിരൂപതയിലെ ഭൂമി ഇടപാടില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ അന്തിമ വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ഇന്ന് തന്നെ വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top