കൊച്ചി: 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ഗര്‍ഭസ്ഥശിശുവിന് ഗുരുതര ഹ്യദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മാത്രമേ നടപടിക്രമങ്ങള്‍ നടത്താവൂവെന്ന് കോടതി നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണനയ്ക്കെത്തിയപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അമ്മയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ച് വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം വൈദ്യപരിശോധന നടത്തി.
മെഡിക്കല്‍ റിപോര്‍ട്ടുകള്‍ അനുസരിച്ച് കുഞ്ഞ് പുര്‍ണ വളര്‍ച്ചയെത്തിയാലും ജിവീക്കാനുള്ള സാധ്യത കുറവാണ്. കുഞ്ഞിന് സങ്കീര്‍ണമായ ഹൃദ്രോഗമുണ്ട്. ഗര്‍ഭം അവസാനിപ്പിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് ചില പ്രശ്നങ്ങളുണ്ടാക്കുമെന്നും എന്നാല്‍ ഗര്‍ഭപാത്രം തകരാറ് സംഭവിക്കല്‍ പോലെയുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണെന്നുമായിരുന്നു മെഡിക്കല്‍ റിപോര്‍ട്ട്. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് സുപ്രണ്ടിനോട് ഗര്‍ഭം അലസിപ്പിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.