സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം; സര്‍വേ തുടരാം

കൊച്ചി: സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിലൂടെ തടഞ്ഞത്. സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു.

സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കും. ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സില്‍വര്‍ ലൈനെതിരായ ഹര്‍ജി സമര്‍പ്പിച്ചവര്‍ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമര്‍ശങ്ങള്‍ ഹര്‍ജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അപ്പീലില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.

Top