കെജ്‌രിവാളിനെ കാണാനില്ല : ആം ആദ്മി എംഎല്‍എയുടെ പരാതി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് പരാതി. വിമത എഎപി, എം.എല്‍.എ കപില്‍ മിശ്രയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2017ല്‍ 27 തവണ സഭ ചേര്‍ന്നു. എന്നാല്‍ കെജ്‌രിവാള്‍ ആകെ ഏഴു തവണ മാത്രമാണ് സഭയില്‍ എത്തിയത്, 40 മാസം കെജ്‌രിവാള്‍ സഭയില്‍ എത്തിയിട്ടില്ലന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ബുധനാഴ്ച പരിഗണിക്കും.

സഭയില്‍ ഹാജരായി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെടാന്‍ ലഫ്.ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നത് കെജ്‌രിവാളാണ്. ഡല്‍ഹി കടുത്ത ജലപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കെജ്‌രിവാളിന്റെ നിരുത്തരവാദപരമായ നിലപാടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എഎപി കണ്‍വീനറില്‍ നിന്ന് വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടും മിശ്ര തേടിയിട്ടുണ്ട്. എന്നാല്‍ മിശ്രയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ എഎപി സര്‍ക്കാരിന്റെ വക്താവ് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം സഭയിലെ ചോദ്യോത്തര വേളയിലും മിശ്ര കെജ്‌രിവാളിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി നിവാസികളുടെ പ്രശ്‌നങ്ങളേയും വികസനത്തേയും അദ്ദേഹത്തില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്ന കടമകളുടെ നിര്‍വഹണത്തേയും അദ്ദേഹം എങ്ങനെയാണ് സമീപിക്കുന്നതെന്നാണ് ഇത് കാണിക്കുന്നതെന്നും മിശ്ര ആരോപിച്ചു.

Top