കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ കൊണ്ട് ഭാര പരിശോധന നടത്താമെന്നും,ഭാര പരിശോധനയുടെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ഭാര പരിശോധന നടത്തുന്നതില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.