വയനാട് : വയനാട്ടില്‍ കല്ലോടി സെന്റ് ജോര്‍ജ് പള്ളിയ്ക്കായി സര്‍ക്കാര്‍ ഭൂമി നല്‍കിയത് റദ്ദാക്കി ഹൈക്കോടതി. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടര്‍ ഭൂമി പള്ളിയ്ക്ക് സര്‍ക്കാര്‍ നല്‍കിയത്. മാനന്തവാടിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
രണ്ട് മാസത്തിനകം ഭൂമിയുടെ വിപണിവില സര്‍ക്കാര്‍ നിശ്ചയിക്കണം. മാര്‍ക്കറ്റ് വില അനുസരിച്ച് ഭൂമി വാങ്ങാന്‍ കഴിയുമോയെന്ന് സഭാവിശ്വാസികളോട് ആരായണമെന്നും മറുപടി നല്‍കാന്‍ പള്ളിക്ക് ഒരു മാസത്തെ സമയം നല്‍കണം ഹൈക്കോടതി. ഭൂമി പള്ളിക്കാര്‍ വാങ്ങിയാല്‍ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ഉത്തരവ്.
വിപണി വില നല്‍കി ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പള്ളിയുടെ കൈവശമുള്ള ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കണം. തുടര്‍ന്ന് മൂന്ന് മാസത്തിനകം അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും 8 മാസത്തിനുള്ളില്‍ നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.