കൊച്ചി: സിബിഐ കൊച്ചി യൂണിറ്റ് എസ് പിയായിരിക്കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയും പിന്നീട് ബംഗാളിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്ത വനിതാ ഐപിഎസ് ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ !
ആലപ്പുഴ സ്വദേശിയായ ഒറീസ കേഡര്‍ ഐ പി എസ് ഓഫീസര്‍ എസ് ഷൈനിക്കാണ് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്. 2011ല്‍ ഡെപ്യൂട്ടേഷനില്‍ സി ബി ഐ കൊച്ചി യൂണിറ്റ് എസ് പിയായിരിക്കെ നിരവധി പരാതികളാണ് ഷൈനിക്ക് നേരെ ഉയര്‍ന്നിരുന്നത്.
പാലക്കാട്ടെ സമ്പത്ത് കൊലക്കേസ് അന്വേഷണത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ഈ ഉദ്യോഗസ്ഥയെ വിമര്‍ശിച്ചത്.കേസന്വേഷണം നടത്തുന്ന സി ബി ഐ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കിയ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചിരുന്നത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാകാതിരുന്ന നടപടിയെ വിമര്‍ശിച്ച ജസ്റ്റിസ് രാംകുമാര്‍ കോര്‍ട്ടലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സി ബി ഐയുടെ മാന്യത കളയുന്ന ഇടപെടലിനെതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്കും കോടതി സമന്‍സ് അയക്കുകയുണ്ടായി.ഇതിനിടെ ജസ്റ്റിസിനെ ചേംബറില്‍ കയറി കാണാന്‍ എസ് പി ശ്രമിച്ചതും സ്ഥിതി വഷളാവാന്‍ കാരണമായി.സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ശക്തമായ ഇടപെടല്‍.
ആരുടെയും പരാതി പോലുമില്ലാതെ കൊച്ചിയിലെ പ്രമുഖ സീഫുഡ് കമ്പനിയില്‍ സിബിഐ നടത്തിയ റെയ്ഡാണ് ഷൈനിക്കെതിരെ ഉയര്‍ന്ന മറ്റൊരു പരാതി.ഇവരുടെ കുടുംബസുഹൃത്തായ മലയാളി ഐപിഎസ് ഓഫീസര്‍ക്ക് വേണ്ടിയുള്ള പകവീട്ടലായിരുന്നു റെയ്‌ഡെന്നായിരുന്നു ആക്ഷേപം. വസ്തുതട്ടിപ്പ് കേസില്‍ കൊച്ചിയിലെ പ്രമുഖ സീഫുഡ് കമ്പനി ഉടമ കേരളത്തിലെ വിവാദ നായകനായ ഈ ഐ പി എസ് ഓഫീസര്‍ക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) ല്‍ കേസ് നല്‍കിയതിലെ പ്രതികാര നടപടിയായിരുന്നു സിബിഐ റെയ്‌ഡെന്നാണ് സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സീ ഫുഡ് കമ്പനി ഉടമ പി വി വിജു ആരോപിച്ചിരുന്നത്.ഷൈനിയുടെയും ഈ ഉദ്യോഗസ്ഥന്റെയും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് വന്ന് വിജുവില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ഉണ്ടായി. ഈ രണ്ട് സംഭവങ്ങളെയും തുടര്‍ന്നാണ് ഷൈനിയെ കൊല്‍ക്കത്തയിലേക്ക് സിബിഐ ആസ്ഥാനം ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നത്. കേരളത്തില്‍ നിരവധി എസ് പിമാര്‍ സിബിഐ കൊച്ചി യൂണിറ്റ് എസ് പിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ ഒരു നടപടിയും നേരിടേണ്ടി വന്നിരുന്നില്ല.
രാഷ്ട്രപതിയുടെ പൊലീസ് മെഡലിനുള്ള അര്‍ഹത ഷൈനി നേടിയത് ഒഡീഷ സര്‍ക്കാറിന്റെ ശുപാര്‍ശയിലാണ്.ഒഡീഷയിലെ വെസ്റ്റേണ്‍ റേഞ്ച് ഡി ഐ ജിയാണ് അവരിപ്പോള്‍.സി ബി ഐ – എസ് പിയായിരിക്കെ ഇവര്‍ക്കെതിരെ ഉയര്‍ന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ സിബിഐ ഡയറക്ടറേറ്റോ ഐബിയോ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പൊലീസ് മെഡല്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.