കൊച്ചി: ഗോവയില്‍ നടക്കുന്ന 37ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തര്‍ക്കം ഉണ്ടെന്ന് പറഞ്ഞ് വോളിബോള്‍ ഒഴിവാക്കിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. നിങ്ങളുടെ തമ്മില്‍ തല്ലാണ് ഏറ്റവും വലിയ ദുരന്തം. വോളിബോളിനെ നശിപ്പിക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.
ദേശീയ ഗെയിംസില്‍ നിന്നും വോളിബോള്‍ ഒഴിവാക്കിയ അഡ്‌ഹോക് കമ്മിറ്റി തീരുമാനം നിയമ വിരുദ്ധമാണെന്നും താരങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാത്തതിനാല്‍ മികച്ച എട്ട് ടീമുകളെ കണ്ടെത്താനായില്ലെന്നും അതിനാലാണ് വോളിബോള്‍ ഒഴിവാക്കിയതെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി സ്വീകരിച്ച നിലപാട്.
വോളിബോള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പത്ത് മിനിറ്റിനകം തീരുമാനമെടുക്കണം. വോളിബോളിന് പ്രാധാന്യമില്ലെന്നാണോ സംഘാടകര്‍ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് വിമര്‍ശനം. നാല് വോളിബോള്‍ താരങ്ങളും കോച്ചുമാരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.