കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഒരുമാസം സമയം കോടതി അനുവദിച്ചു. പ്രതികള്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു .
2003 മുതല്‍ 2014 വരെ 15.85 കോടി രൂപയാണു സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് എസ്എന്‍ഡിപി യോഗം കൈപ്പറ്റിയതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈക്രോ ഫിനാന്‍സ് പദ്ധതിക്കു വേണ്ടി സര്‍ക്കാരിതര സംഘടനയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഈ വ്യവസ്ഥകള്‍ ലംഘിച്ചാണു മുന്‍പരിചയമില്ലാത്ത യോഗത്തിനു പദ്ധതി അനുവദിച്ചതെന്നും വിജിലന്‍സ് പറയുന്നു.
അനുവദിച്ച തുക ദുരുപയോഗം ചെയ്ത ശേഷം സംഘങ്ങള്‍ തുക വിനിയോഗിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് പിന്നാക്ക വികസന കോര്‍പറേഷനില്‍ ഹാജരാക്കിയതായും ആരോപണമുണ്ട്. കുറഞ്ഞ പലിശനിരക്കില്‍ തിരിച്ചടവിനു കൂടുതല്‍ സമയം നല്‍കുന്ന തരത്തില്‍ വായ്പ നല്‍കണമെന്ന നിര്‍ദേശവും പാലിച്ചില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.
ഈ കേസ് റദ്ദാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ വി.എസ്.അച്യുതാനന്ദനും അപേക്ഷ നല്‍കിയിരുന്നു.