കൊച്ചി : പൊലീസ് മേധാവി സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പൊലീസ് മേധാവിയെ നിയമിക്കുന്നത് സര്‍ക്കാരിന്റെ അധികാരത്തില്‍ പെടുന്നതാണെന്നും അതിന്മേല്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം, ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയത് ശരിവച്ച കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പിന്നീട് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനവുമാണെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സി.എ.ടി തന്റെ പരാതിയില്‍ വേണ്ടവിധം പരിശോധന നടത്താതെയാണ് വിധി പുറപ്പെടുവിച്ചതെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിച്ചു.
ജൂലായ് 21നാണ് സെന്‍കുമാറിന്റെ ഹര്‍ജി സി.എ.ടി തള്ളിയത്. അതേസമയം, പൊലീസ് മേധാവി സ്ഥാനം വഹിച്ച കാലത്ത് ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും തുടര്‍ന്നും നല്‍കണമെന്നും സി.എ.ടി ഉത്തരവിട്ടിരുന്നു.
പുറ്റിങ്ങല്‍ ദുരന്തം, ജിഷ വധം എന്നീ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നും പൊലീസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ നീക്കം ചെയ്തത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷം കഴിയാതെ പദവിയില്‍ നിന്ന് നീക്കരുതെന്ന ചട്ടം ലംഘിച്ചെന്നായിരുന്നു സെന്‍കുമാറിന്റെ വാദം.