കൊച്ചി: കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കേരള ഹൈക്കോടതിയുടെ വിമര്‍ശനം. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ. പിന്നെ എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.
രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും ഓര്‍മിപ്പിച്ചു. 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടികാട്ടി.
കഴിഞ്ഞ മാസം ആദ്യവും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപറമ്പില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ അന്ന് ജസ്റ്റിസ് എന്‍ നാഗേശഷായിരുന്നു വാക്കാല്‍ പരാമര്‍ശം നടത്തിയത്.
നോട്ടില്‍ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിത്. ഇന്ത്യന്‍ കറന്‍സിയില്‍ താന്‍ അധ്വാനിച്ച് നേടുന്നതാണെന്നും അതില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്ത് സംഭവിക്കുമെന്നും അന്ന് കോടതി ചോദിച്ചിരുന്നു.