മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയല്‍ ഹര്‍ജി

pinarayi-vijayan1-jpg-image_-784-4101

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിസഭാ ബഹിഷ്‌ക്കരണവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിക്കു സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കില്‍, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

Top