മീഡിയ വണ്‍ ചാനലിനെതിരായ കേന്ദ്ര നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വണ്‍ മാനേജ്‌മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എന്‍.നഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും കോടതി തേടി.

ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Top