കൊച്ചി: എം.കെ ദാമോദരനെ പ്രത്യേക നിയമോപദേഷ്ടാവായി നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തീരുമാനം.
പ്രത്യേക നിയമോപദേഷ്ടാവ് നിയമനം നിലനില്‍ക്കുമോയെന്നത് പരിശോധിക്കാനും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തീരുമാനിച്ചു.
എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ പ്രത്യേക നിയമോപദേഷ്ടാവായി നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി പിണറായി വിജയന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
നേരത്തെ എം കെ ദാമോദരന്‍ സ്ഥാനമേറ്റെടുക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ഹര്‍ജി പിന്നീട് കോടതി പരിഗണിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഹര്‍ജി തള്ളുന്നത് സംബന്ധിച്ച് ഹൈക്കോടതി ഹര്‍ജിക്കാരന്റെ അഭിപ്രായം ആരാഞ്ഞു.
എന്നാല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേകനിയമോപദേഷ്ടാവിനെ നിയമിക്കുന്നത് നിയമപ്രശ്‌നമായി ചര്‍ച്ചചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
സംഭവത്തിന്‍മേല്‍ എതിര്‍കക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയക്കാനും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും ദേവന്‍ രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. ക്രിസതുമസ് അവധിക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.