എം സ്വരാജിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കെ.ബാബു എംഎല്‍എയുടെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്കു ഹൈക്കോടതിയുടെ നോട്ടീസയച്ചു. കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം.

തിരഞ്ഞെടുപ്പില്‍ കെ.ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു. അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും കൈപ്പത്തി അടയാളവും ഉള്‍പ്പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരില്‍ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണ്. ഇതാണ് സ്വരാജ് നല്‍കിയിട്ടുള്ള ഹര്‍ജിയുടെ ആധാരം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്വരാജിനെതിരെ 992 വോട്ടുകള്‍ക്കാണ് ബാബു ജയിച്ചത്. ഹര്‍ജി ഓണാവധിക്കു ശേഷം പരിഗണിക്കുന്നതിനു മാറ്റി.

 

Top