കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസിലെ ഹൈക്കോടതി പരാമർശം ആശാവഹമെന്ന് മിഷണറീസ് ഓഫ് ജീസസ്.
കേസിൽ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞത്. അറസ്റ്റ് വേണോ എന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി അറിയിച്ചു.
കുറ്റസമ്മതം മാത്രം പോര, അറസ്റ്റിന് തെളിവ് കൂടി വേണം. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
പഴയ കേസാകുമ്പോൾ തെളിവുകൾ ശേഖരിക്കാൻ താമസമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അറസ്റ്റ് ആവശ്യപ്പെടുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണിയുണ്ടായാൽ കോടതിയെ സമീപിക്കാം. പ്രതിയുടെ അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു.
അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് വൻ വിവാദമായിരിക്കേ കന്യാസ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പാടാക്കിയെന്ന് പൊലീസും വ്യക്തമാക്കി. ഭീഷണിയെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് നൽകിയത്. ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി.
ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയെ അറിയിക്കുന്നതാണ്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.
സമരത്തിനു പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനകൾ രംഗത്തെത്തിയിരുന്നു. സേവ് ഔവർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിനു തിരുവനന്തപുരത്തും തുടക്കമായിരുന്നു. സമരം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. സംസ്ഥാന വ്യാപകമായി വൈകിട്ട് 5 മുതൽ 6 വരെ അതതു പ്രദേശങ്ങളിലുള്ളവർ സംഘടിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നും സമരസമിതി അറിയിച്ചു