കൊച്ചി:വിധിപറയുമ്പോള്‍ ജഡ്ജിമാര്‍ക്കു നേരെയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ രംഗത്ത്.
ജഡ്ജിയെ വിമര്‍ശിക്കുന്നത് കൈകള്‍ കെട്ടിയിട്ട ശേഷം ആളെ അടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിയെ അല്ല ജഡ്ജ്‌മെന്റിനെ (വിധിന്യായത്തെ)യാണ് വിമര്‍ശിക്കേണ്ടത്. താനിതൊന്നും ആരെയും ഉദ്ദേശിച്ചല്ല പറയുന്നതെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ജസ്റ്റിസിന്റെ വിമര്‍ശനം.
ജഡ്ജിമാര്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടില്ല. ജുഡീഷ്യറിയ്ക്ക് വഴങ്ങുന്നതു കൊണ്ടും നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടുമാണ് മൗനം പാലിക്കുന്നത്. ആരുടേയും സ്‌നേഹം സമ്പാദിക്കാന്‍ വേണ്ടി കേസുകള്‍ ഒഴിവാക്കാറില്ല. ഇക്കാര്യത്തില്‍ ആരേയും ഭയക്കുന്നില്ല. ജഡ്ജിമാരും മനുഷ്യരാണെന്ന കാര്യം മറക്കരുതെന്നും കെമാല്‍ പാഷ ഓര്‍മിപ്പിച്ചു.