കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതി.
കേസുമായി ബന്ധപ്പെട്ട് തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കുവാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
കല്ലട ബസില്‍ യാത്ര ചെയ്തവരെ വൈറ്റിലയില്‍ വിളിച്ചിറക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികകള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ല. ഇതോടെ ഏഴ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജയേഷ്, രാജേഷ് ,ജിതിന്‍ ,അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.