ജഡ്ജിയുടെ പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്.

സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളി കത്തയച്ചിരിക്കുന്നത്.

തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍ പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിനായി 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും പ്രശസ്തിക്കു വേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി. കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്

2002ലായിരുന്നു വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചിരുന്നത്. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്.

സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി ചിറ്റിലപ്പള്ളിയെ പോലെ ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പിള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

Top