പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ: ആർസിസിക്ക് ഹൈക്കോടതി നോട്ടീസ്

kerala-high-court

കൊച്ചി: രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. .

രണ്ടാഴ്ചക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും, കുട്ടിയുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

പെണ്‍കുട്ടിയ്ക്ക് കൊടുത്ത രക്തത്തിന്റെ ഘടകങ്ങള്‍ തന്നെ മറ്റ് മൂന്ന് പേര്‍ക്ക് കൊടുക്കാനുള്ള സാധ്യത നില നില്‍ക്കുന്നുവെന്നും അങ്ങനെയെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കുട്ടിയുടെ അച്ഛന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഡോക്ടര്‍മാര്‍ തന്നെ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിലുള്ള അതൃപ്തിയും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) റിപ്പോര്‍ട്ട്.

അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ടെന്നും, രക്ത പരിശോധനയ്ക്കടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ആര്‍സിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു.

Top