കൊച്ചി : ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നും കോടതി വ്യക്തമാക്കി. കൊലപാതകങ്ങളില്‍ ഗൂഢാലോചന ഫലപ്രദമായി അന്വേഷിക്കാറില്ലെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം പ്രതികള്‍ക്ക് ഷുഹൈബിനോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷുഹൈബിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് സര്‍ക്കാര്‍ കാണുന്നില്ലേ എന്ന് ചോദിച്ചു.
സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.