തിരുവനന്തപുരം: വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ പ്രമേയം പാസാക്കിയത്.
ഹൈക്കോടതിയുടെ ഉത്തരവിനെ ബഹിഷ്‌കരിക്കാനും, ബാര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്‌കരിക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനിക്കുന്നത് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കും എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘടന ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയ വാര്‍ത്തയും പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
വനിത മജിസ്‌ട്രേറ്റിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. വനിത മജിസ്‌ട്രേറ്റ് സിജെ എമ്മിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തത്. ഈ സംഭവത്തിലാണ് പ്രതിഷേധവുമായി ഇപ്പോള്‍ ജില്ലാ ജഡ്ജിമാരുടെ സംഘടന സംസ്ഥാന വ്യാപകമായി രംഗത്തുവന്നിരിക്കുന്നത്.