കെ.സുരേന്ദ്രന്റെ ഹര്‍ജി: മഞ്ചേശ്വരത്തെ 259 വോട്ടര്‍മാരോട് നേരിട്ട് ഹാജരാവാന്‍ ഹൈക്കോടതി

കൊച്ചി: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ വോട്ടര്‍മാരോട് നേരിട്ട് ഹാജരാവാന്‍ കോടതി ഉത്തരവ്.

തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ ഇല്ലാതിരുന്ന 259 പേരുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

മഞ്ചേശ്വരം മണ്ഡലത്തിലെ 259 വോട്ടര്‍മാര്‍ക്കാണ്, ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസയച്ചത്. ജൂലായ് മാസം 8,9 തീയതികളില്‍ വോട്ടര്‍മാര്‍ നേരിട്ട് ഹാജരാവണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ 259 പേരില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ മരിച്ചവരോ മരണപ്പെട്ടവരോ ആണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരാരും തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്നും, കള്ളവോട്ട് നടന്നിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ നിയമസസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

Top