പെരിയ ഇരട്ടക്കൊല; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനം ഫലപ്രദമായി അന്വേഷിക്കില്ലെന്നു കാണിച്ചാണ് കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു ഹര്‍ജി നല്‍കിയത്.

പക്ഷപാതപരമായ അന്വേഷണമാണു നടക്കുന്നതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. സിപിഎം ഉന്നതരുടെ നിയന്ത്രണത്തില്‍ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണു നടക്കുന്നത്. കേസിലുള്‍പ്പെട്ട വന്‍ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

Top