ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി ; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി.

കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. സ്ഥിതിഗതികളില്‍ മാറ്റമില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു.

ക്വട്ടേഷന്‍ തുക വാങ്ങിയത് ശേഷം കീഴടങ്ങാന്‍ ആയിരുന്നു സുനിയുടെ പദ്ധതി. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യം അതുതന്നെയാണെന്നുമാണ് പ്രോസിക്യൂഷന്‍ ഇതിന് മറുപടയായി പറഞ്ഞത്. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്.

ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താം പ്രതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യാ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ലക്ഷ്യയുടെ മാനേജരെ ഡ്രൈവറായ സുധീര്‍ 40 തവണ ഫോണില്‍ വിളിച്ചു. അന്വേഷണം പൂര്‍ത്തിയായോ എന്നും പ്രധാന സാക്ഷികളുടെ മൊഴിയെടുത്തോയെന്നും കോടതി ചോദിച്ചു.

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്.

കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ. ബി. രാമന്‍പിളള വാദിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

Top