കണ്ണൂര്‍: ഗര്‍ഭധാരണം മൂലം പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്തവര്‍ക്ക് തുടര്‍പഠനാവസരം നിക്ഷേധിക്കരുതെന്ന് ഹൈക്കോടതി. അറബിക് ബിരുദ വിദ്യാര്‍ഥിനിയായ കെ. അന്‍സിയാബി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനുശിവരാമന്‍ ഉത്തരവിട്ടിരിക്കുന്നത്. അറബിക് ബിരുദ ക്ലാസില്‍ ചേര്‍ന്ന അന്‍സിയാബിയ്ക്ക് വിവാഹിതയാകേണ്ടി വരുകയും, പ്രസവം കാരണം നാലാം സെമസ്റ്റര്‍ ക്ലാസില്‍ ഹാജരാകാന്‍ സാധിക്കാതെ വരികയുമായിരുന്നു.
പ്രസവത്തിന് ശേഷം തുടര്‍ന്നുപഠിക്കാനാഗ്രഹമുണ്ടെന്നും നാലാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കണമെന്നും പിന്‍സിപ്പലിന് അപേക്ഷ നല്‍കി. മുന്‍ സെമസ്റ്ററിലെ പേപ്പറുകള്‍ പാസാകാനുള്ളവര്‍ക്ക് അടുത്ത സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നല്‍കാനാവില്ലെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. തുടര്‍ന്ന് തനിക്ക് പഠനാവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്‍സിയാബി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ലാസ് തുടങ്ങിയതിനാല്‍ തത്കാലം പ്രവേശനംനല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നാണ് കോടതി ആദ്യം വ്യക്തമാക്കിയത്. നിയമാനുസൃതം തുടര്‍ന്നും അപേക്ഷിക്കാമെന്നും നിര്‍ദേശിച്ചു.
പിന്നെയും അപേക്ഷിച്ചപ്പോഴും പ്രവേശനം നല്‍കാന്‍ കോളേജ് തയ്യാറായില്ല. അന്‍സിയാബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി, മൂന്നാഴ്ചയ്ക്കകം നിയമാനുസൃതം നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ തുടര്‍ന്നും പ്രവേശനം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് നാലാം സെമസ്റ്ററില്‍ അന്‍സിയാബിക്ക് ഉടന്‍ പ്രവേശനം നല്‍കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ വിധിച്ചത്.
അമ്മയായശേഷവും ഹര്‍ജിക്കാരി പഠനം തുടരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുവെന്നത് പ്രധാനമാണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവര്‍ പ്രയാസങ്ങള്‍ക്കിടയിലും പഠനം തുടരാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.