കെ.എം. ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈകോടതി റദ്ദാക്കി. സി പി എം നേതാവ് പി ജയരാജന്റെ പരാതിയിലാണ് അപകീര്‍ത്തി കേസ്. അരിയില്‍ ഷുക്കൂര്‍ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണന്നായിരുന്നു കേസ്. തന്റെ പരാമര്‍ശങ്ങള്‍ പൊതുതാല്പര്യം മുന്‍ നിര്‍ത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈകോടതി റദ്ദാക്കിയത്. 2013ല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെ.എം. ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കിയത്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ.എം. ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി. ജയരാജന്റെ പരാതി. എന്നാല്‍, ഒരു എം.എല്‍.എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Top