മുംബൈ: മാദ്ധ്യമപ്രവര്‍ത്തകയെയും മറ്റൊരു പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയരുതെന്ന് പ്രസ്താവിച്ചാണ് മൂന്നുപ്രതികളുടെയും വധശിക്ഷ റദ്ദാക്കിയത്. 2013ല്‍ മുംബൈയില്‍ ശക്തിമില്ലില്‍ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി.
അതേ വര്‍ഷം ജൂലായില്‍ മറ്റൊരു പെണ്‍കുട്ടിയെയും പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്.
‘ശക്തി മില്‍ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാള്‍ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂര്‍വമാണ്. അതൊരിക്കലും ജനരോഷത്തിന്റെ അടിസ്ഥാനത്തിലാകരുത്.’ ഹൈക്കോടതി പറഞ്ഞു.
2014 ലായിരുന്നു സെഷന്‍സ് കോടതി കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വിജയ് മോഹന്‍ യാദവ് (18), മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി (20), മുഹമ്മദ് സലിം അന്‍സാരി (27) എന്നിവരാണ് കേസിലെ കുറ്റക്കാര്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതിപട്ടികയിലുണ്ടായിരുന്നു.