കൊച്ചി: തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ശബരിമല പ്രവേശന വിഷയത്തില്‍ സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ലന്നും ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആരുടെ ഉടമസ്ഥതയിലാണ് ശബരിമലയെന്നത് കോടതിയെ ബാധിക്കുന്നതല്ല. ശബരിമല പൊതുസ്ഥലമാണോ എന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിഗ്രഹത്തിന്റെ അവിഭാജ്യ സ്വഭാവമായ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആകൂ എന്ന് ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പള്ളിയില്‍ പോകുന്നവര്‍ ഖുറാനില്‍ വിശ്വസിക്കുന്നതുപോലെ ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തില്‍ വിശ്വസിക്കണം എന്നും തന്ത്രി വാദിച്ചു.
എന്നാല്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ല. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.