കൊച്ചി: ശബരിമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. പൊലീസിന് മാന്യമായി പരിശോധന നടത്താമെന്നും നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അന്നദാന കൗണ്ടറുകള്‍ നേരത്തെ അടയ്ക്കരുതെന്നും യാത്രാ നിയന്ത്രണം പാടില്ലെന്നും കെഎസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വ്വീസുകള്‍ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചിരിക്കുന്നത്.
അതേസമയം, സ്ത്രീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ശബരിമലയിലേയ്ക്ക് ഹൈക്കോടതി നിരീക്ഷകരെ നിയോഗിച്ചു. റിട്ട. ജഡ്ജിമാരായ എസ്. സിരിജഗന്‍, പി.ആര്‍ രാമന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരെയാണ് ഹൈക്കോടതി നിയോഗിച്ചത്.
ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.